syromalabargloballaity4justice
സീറോ-മലബാര്‍ ലിറ്റര്‍ജി നവീകരണം ഒരന്വേഷണം Reform of Syro Malabar Liturgy: a review
ഡോ. ഫ്രാന്‍സീസ് കണിച്ചിക്കാട്ടില്‍ സി.എം.ഐ.
ഒരു വ്യക്തിസഭയെ സംബന്ധിച്ചിടത്തോളം ലിറ്റര്‍ജി അഥവാ ദൈവാരാധന വളരെ പ്രാധാന്യമുള്ള വിഷയമാണ്. ആരാധനയാണ് ഒരു സഭയുടെ ജീവനാഡി. സഭയ്ക്ക് ആന്തരികശക്തിയും പ്രചോദനവും നല്‍കുന്ന ഘടകം. ലിറ്റര്‍ജി ശുഷ്‌കമായാല്‍, കാലഹരണപ്പെട്ടുപോയാല്‍ സഭയുടെ ജീവന്‍ നഷ്ടമാകും. പല സഭകള്‍ക്കും മാമൂലുകളെ സൂക്ഷിക്കുവാനുള്ള ആവേശത്തില്‍ ലിറ്റര്‍ജിതന്നെ വികലമായിപോയിട്ടുണ്ട്. അപ്രകാരം ഒരു അവസ്ഥ സംജാതമാകാതെ നോക്കേണ്ടത് ആ സഭയുടെ തന്നെ മുഴുവന്‍ ഉത്തരവാദിത്വമാണ്. അല്മായര്‍ തുടങ്ങി സഭയിലെ ഉന്നതസ്ഥാനം വഹിക്കുന്നവര്‍വരെ അതില്‍ തല്പരരായിരിക്കണം.
ലിറ്റര്‍ജി ആദ്യ നൂറ്റാണ്ടുകളില്‍
നമ്മുടെ കര്‍ത്താവിന്റെ ഉയര്‍പ്പിനുശേഷം കര്‍ത്താവിന്റെ ശിഷ്യന്മാര്‍ ഒരുമിച്ചുകൂടി കര്‍ത്താവ് പഠിപ്പിച്ചതുപോലെ അപ്പംമുറിക്കല്‍ ശുശ്രൂഷ നടത്തിയിരുന്നു. ആദ്യകാലങ്ങളില്‍ യഹൂദരെ അനുകരിച്ചു സാബത്ത് ദിവസം വൈകിട്ടാണ് നടത്തിയിരുന്നത്. പിന്നിട് അപ്പംമുറിക്കല്‍ ശുശ്രൂഷ കര്‍ത്താവ് ഉയിര്‍ത്ത ദിവസം ഞായറാഴ്ചയിലേക്ക് മാറ്റി. വി. പൗലോസിന്റെ ലേഖനത്തില്‍ (1 കൊറി. 21) ഇതിന്റെ സൂചനകളുണ്ട്. വി. ജസ്റ്റിന്റെ രണ്ടാം നൂറ്റാണ്ടിലെ എഴുത്തുകളില്‍ അപ്പംമുറിക്കല്‍ ശുശ്രൂഷയെപ്പറ്റിയുള്ള വ്യക്തമായ വിവരണമുണ്ട്.
എന്നാല്‍ നാലാം നൂറ്റാണ്ടോടുകൂടി റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്‍ന്റയിന്റെ മതപരിവര്‍ത്തനത്തോടുകൂടിയാണ് റോമാ സാമ്രാജ്യത്തില്‍ ക്രിസ്തുവിന്റെ സഭയ്ക്ക് അംഗീകാരമായത്. ചക്രവര്‍ത്തിയുടെ മതപരിവര്‍ത്തനത്തിന്റെ ഫലമായി സൂര്യദേവന്റെ ദിവസം (Sun-day) റോമാ സാമ്രാജ്യത്തില്‍ നാഥന്റെ ദിവസമായി (Dies Dominicus) പരിഗണിക്കപ്പെട്ടു. ദൈവാരാധനയ്ക്ക് തന്നെ ഒരു നിയതരൂപം സംജാതമായി പുതിയ അനാഫറകള്‍ (Eucharistic Prayers) നിലവില്‍ വന്നു. കുര്‍ബാന സൂര്യന്റെ നേര്‍ക്ക് (കിഴക്ക്) തിരിഞ്ഞു അര്‍പ്പിക്കണമെന്ന് നിയമമായി. എങ്കിലും എല്ലായിടത്തും അത് നടപ്പിലായില്ല. സഭയുടെ വളര്‍ച്ചയാല്‍, സുറിയാനി, ഗ്രീക്ക്, ലത്തീന്‍ ഭാഷകളില്‍ ദിവ്യബലി അര്‍പ്പിക്കാമെന്നായി.
ആരാധനയാണ് ഒരു സഭയുടെ ജീവനാഡി. സഭയ്ക്ക് ആന്തരികശക്തിയും പ്രചോദനവും നല്‍കുന്ന ഘടകം. ലിറ്റര്‍ജി ശുഷ്‌കമായാല്‍, കാലഹരണപ്പെട്ടുപോയാല്‍ സഭയുടെ ജീവന്‍ നഷ്ടമാകും. പല സഭകള്‍ക്കും മാമൂലുകളെ സൂക്ഷിക്കുവാനുള്ള ആവേശത്തില്‍ ലിറ്റര്‍ജിതന്നെ വികലമായി പോയിട്ടുണ്ട്. അപ്രകാരം ഒരു അവസ്ഥ സംജാതമാകാതെ നോക്കേണ്ടത് ആ സഭയുടെ തന്നെ മുഴുവന്‍ ഉത്തരവാദിത്വമാണ്.
കോണ്‍സ്റ്റന്‍ന്റയിന്‍ ചക്രവര്‍ത്തിയുടെ കാലത്തെ നിഖ്യാസൂനഹദോസിനുശേഷം (AD 325) പലനൂറ്റാണ്ടുകള്‍ കഴിഞ്ഞു വന്ന TRENT സൂനഹദോസിലും, ആരാധനയെ സംബന്ധിച്ച വിഷയങ്ങളില്‍ കൂടുതല്‍ നിഷ്‌കര്‍ഷത നിലവില്‍ വന്നു. അന്ന് ലോകത്തിന്റെ നാനാഭാഗത്തും മിഷന്‍ പ്രവര്‍ത്തനം നടത്തികൊണ്ടിരുന്നത് ലത്തീന്‍ സഭയായിരുന്നു. ആ പ്രദേശങ്ങളിലെല്ലാം ലത്തീന്‍ ഭാഷയും ലത്തീന്‍ ആരാധനക്രമവും നടപ്പിലാക്കി. കുര്‍ബാന എല്ലായിടത്തും കിഴക്കോട്ട് തിരിഞ്ഞ് അല്ലെങ്കില്‍ വൈദീകനും, ജനങ്ങളും കുരിശിലേക്ക്, ഒരേദിശയില്‍ തിരിഞ്ഞ് അര്‍പ്പിക്കണമെന്ന രീതി നിലവില്‍ വന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരാധന നവീകരണം
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലാണ് സഭയുടെ ആരാധനയില്‍ സ്ഥായിയായ ഒരു മാറ്റം കൊണ്ടുവന്നത്. അതിന്റെ ഉദ്ദേശ്യം ലിറ്റര്‍ജി ദൈവജനത്തിന് മനസ്സിലാകണം, അതിന്റെ രഹസ്യങ്ങളിലേയ്ക്ക് കടക്കണം, അങ്ങനെ ആരാധന ജീവിതത്തിന്റെ ഒരു ഭാഗമായി തീരണം എന്നതാണ്. വി. കുര്‍ബാന ലളിതമായിരിക്കണം, അതിലെ ആംഗ്യങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകണം, ജനങ്ങള്‍ക്ക് അറിയാവുന്ന ഭാഷ ഉപയോഗിക്കാം. വിശുദ്ധ ബലി കേവലം പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഒരു മാര്‍ഗ്ഗമായിരിക്കരുത്. വി. കുര്‍ബാനയുടെ ദൈര്‍ഘ്യം കുറയ്ക്കണം. അത് വൈദികന്‍ കുറേ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നത് മാത്രമായിരിക്കരുത്. അതിന്റെ ഫലമായാണ് വി. കുര്‍ബാനയും മറ്റ് കര്‍മ്മങ്ങളും ചില സഭകളില്‍ വൈദികന്‍ ജനങ്ങളിലേക്ക് തിരിഞ്ഞ് അനുഷ്ഠിക്കുവാന്‍ തുടങ്ങിയത്. ലിറ്റര്‍ജി നവീകരണത്തിന് വത്തിക്കാന്‍ കൗണ്‍സില്‍ മുമ്പോട്ട് വച്ച ഉല്‍കൃഷ്ട പ്രമാണമാണ് ലിറ്റര്‍ജിയില്‍ പുനരുദ്ധാരണം, നവീകരണം, അനുരൂപണം കൊണ്ടുവരണം എന്നത്.
ആരാധനയുടെ പഴമയിലേക്ക്, ഉറവിടങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അതിന്റെ അന്തസത്ത എന്താണ് എന്ന് വെളിപ്പെടുക. നവീകരണം ഉറവിടങ്ങളില്‍ ആരംഭിക്കണം. എന്നാല്‍ അത് ഉറവിടങ്ങളില്‍ മാത്രം കെട്ടുപിണഞ്ഞ് കിടക്കരുത്. ആധുനികതയ്ക്ക് വാതില്‍ തുറന്നു കൊടുക്കണം. അപ്പോഴാണ് പുത്തന്‍ തലമുറ സഹര്‍ഷം അത് സ്വീകരിക്കുകയൂള്ളു. അതോടുകൂടി തന്നെ അനുരൂപണത്തിന്റെ ശീലുകള്‍ അതില്‍ സ്ഥാനം പിടിച്ചിരിക്കണം. കാലഘട്ടത്തിന്റെയും സംസ്‌കാരത്തിന്റെയും വെളിച്ചത്തില്‍ നവീകരിച്ച ലിറ്റര്‍ജി ദൈവജനം ഹൃദയപൂര്‍വ്വം സ്വീകരിക്കും തര്‍ക്കമില്ല. പാശ്ചത്യസഭയില്‍ ലിറ്റര്‍ജി നവീകരണത്തിന് നേതൃത്വം വഹിച്ച Gregory Dix, Joseph Youngmann, Odo Casel തുടങ്ങിയവരെല്ലാം അടിസ്ഥാനപരമായി ഈ ഘടകങ്ങളിലൂടെ ആരാധന നവീകരണത്തിന് നേതൃത്വം നല്‍കിയവരാണ്. പൗരസ്ത്യ സഭകള്‍ക്കും ഇവരുടെ ഉള്‍ക്കാഴ്ച വലിയ പ്രചോദനം നല്‍കുന്നുണ്ട്.
ആരാധന നവീകരണം നടപ്പിലാക്കിയ സഭകള്‍
പതിനാറാം നൂറ്റാണ്ടിലെ TRENT സൂനഹദോസിനുശേഷം പാശ്ചാത്യ സഭയാണ് മറ്റ് രാജ്യങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനം കാര്യമായ വിധത്തില്‍ നടത്തിക്കൊണ്ടിരുന്നത്. പ്രത്യേകിച്ച് ഏഷ്യന്‍ ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍. ലത്തീന്‍ സഭയ്ക്ക് ലോകത്തില്‍ എവിടെയും ശാഖകള്‍ ഉണ്ടായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്ദര്‍ശനം ചെയ്ത ലിറ്റര്‍ജി നവീകരണങ്ങള്‍ ഏറ്റവും വേഗത്തില്‍ നടപ്പിലാക്കിയത് ലത്തീന്‍ സഭയാണ്. അതിനുകാരണം ആരാധന നവീകരണത്തിനായി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുമുമ്പ് തന്നെ അവര്‍ക്ക് ദീര്‍ഘകാലത്തെ ഒരുക്കമുണ്ടായിരുന്നു. ഫ്രാന്‍സ്, ബല്‍ജിയം, ജര്‍മനി എന്നിവിടങ്ങളിലെ ബനഡിക്ടന്‍ സന്യാസികളാണ് യൂറോപ്പില്‍ ആരാധന നവീകരണത്തിന് നേതൃത്വം നല്‍കിയത്. അതിനാല്‍ തന്നെ അത് കൂടുതല്‍ ഫലം ഉളവാക്കി.
നവീകരണത്തിന്റെ ഫലമായി ലത്തീന്‍ റീത്തില്‍ ഉപയോഗത്തില്‍ ഉണ്ടായിരുന്ന ഒരു അനാഫറക്ക് പകരം 4 അനാഫറകള്‍ (Eucharistic Prayers) നിലവില്‍ വന്നു. അവസരത്തിന് അനുസരിച്ച് കാര്‍മ്മികന് ഒന്ന് തിരഞ്ഞെടുക്കാം. വിശുദ്ധ ബലി പ്രാദേശിക ഭാഷയില്‍ അര്‍പ്പിക്കുവാന്‍ നവീകരണം കൊണ്ട് സാധിച്ചു. സാംസ്‌കാരികാനുരൂപണത്തിന് പ്രാ ധാന്യം നല്‍കി ലിറ്റര്‍ജിയില്‍ ഒരു അനാഫറ (Text) രൂപംകൊണ്ടു. അത് പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുവാന്‍ തുടങ്ങി. ഇന്ത്യയിലുള്ള മിഷന്‍ രൂപതകളെ ഉദ്ദേശിച്ചാണ് അത് ക്രമീകരിച്ചത്. ദൈവജനത്തിന്റെ അര്‍ത്ഥവത്തായ പങ്കെടുപ്പിന് മുന്‍നിര്‍ത്തി ദിവ്യബലി ജനങ്ങളിലേക്ക് വൈദികന്‍ തിരിഞ്ഞ് അര്‍പ്പിക്കാമെന്നായി. ക്രിസ്തുനാഥന്‍ പഠിപ്പിച്ചതുപോലെ ദൈവജനം ഒരു അള്‍ത്താരയ്ക്കു ചുറ്റും കൂടി കാര്‍മ്മികന്റെ നേതൃത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കുന്ന രീതി നടപ്പില്‍ വന്നു. കിഴക്കോട്ട് തിരിഞ്ഞ് നില്‍ക്കുക എന്ന ആശയം ലത്തീന്‍ സഭയില്‍ അധികം പൊന്തിവന്നില്ല. കാര്‍മ്മികന്‍ ദൈവജനത്തെ അഭിമുഖീകരിച്ചുകൊണ്ടുള്ള ദിവ്യബലി പൊതുവേ സ്വീകാര്യമായി.
ആഫ്രിക്കയിലെ സൈറിയന്‍ സഭയാണ് (ലത്തീന്‍ സഭ) നവീകരണത്തിന്റെ ആശയങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കിയ ഒരു പ്രാദേശിക സഭ. വത്തിക്കാന്‍ കൗണ്‍സില്‍ ലിറ്റര്‍ജി പ്രമാണരേഖ നമ്പര്‍ 37 വേണ്ടത്ര ഒരുക്കത്തോടെ അവര്‍ പ്രയോഗത്തില്‍ കൊണ്ടുവന്നു. ആരാധന ക്രമത്തില്‍ പോലും വിശ്വാസമോ പൊതുനന്മയോ ഉള്‍പ്പെടാത്ത കാര്യങ്ങളില്‍ കര്‍ക്കശമായ ഐക്യരൂപം അടിച്ചേല്‍പ്പിക്കുവാന്‍ സഭയ്ക്ക് അധികാരമില്ല. മറിച്ച് വിവിധ വര്‍ഗ്ഗക്കാരും ജനവിഭാഗങ്ങള്‍ക്കുമുള്ള ആദ്ധ്യാത്മിക സമ്പത്തുകളെയും അവള്‍ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. സൈറിയന്‍ സഭയുടെ ശ്രമം ഫലമണിഞ്ഞത് 1998-ലാണ്. ആ വര്‍ഷമാണ് അവിടത്തെ മെത്രാന്‍ സമിതി സമര്‍പ്പിച്ച സൈറിയന്‍ കുര്‍ബാനക്രമം വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചത്. 2019 ഡിസംബര്‍ 1-ാം. തീയതി വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയില്‍ വെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ക്രമമനുസരിച്ച് ദിവ്യബലിയര്‍പ്പിച്ചു. ലിറ്റര്‍ജിയെപ്പറ്റിയുള്ള ഒരു സന്ദേശത്തില്‍ മാര്‍ പാപ്പ പ്രസ്താവിക്കുകയുണ്ടായി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ലത്തീന്‍ സഭയില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സാംസ്‌കാരികാനുരൂപണത്തോടുകൂടിയ ആദ്യത്തെ ആരാധന ക്രമമാണിത്. അതുകൊണ്ട് മറ്റു സം സ്‌കാരങ്ങള്‍ക്ക് ഇതൊരു മാതൃകയായി സ്വീകരിക്കാവുന്നതാണെന്നും, പ. പിതാവ് ഓര്‍മ്മിപ്പിച്ചു.
കൗണ്‍സിലിനുശേഷം ലിറ്റര്‍ജി നവീകരണം വളരെവേഗത്തില്‍ പ്രായോഗികമാക്കിയ ഒരു പൗരസ്ത്യ കത്തോലിക്കാസഭയാണ് കല്‍ദായ സഭ. കല്‍ദായ സഭയുമായി സീറോ-മലബാര്‍ സഭയ്ക്ക് ലിറ്റര്‍ജി സംബന്ധമായി ദീര്‍ഘകാല പാരമ്പര്യമുണ്ട്. ഏഴാം നൂറ്റാണ്ടിലെ പരിഷ്‌കരണത്തിനുശേഷം ആ സഭയില്‍ ലിറ്റര്‍ജി പരിഷ്‌കരിച്ചത് വത്തിക്കാന്‍ കൗണ്‍സിലിനുശേഷമാണ്. അവര്‍ കുര്‍ബാന ആരംഭിച്ചിരുന്നത് അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി എന്ന സ്തുതിപ്പോടുകൂടിയായിരുന്നു. എന്നാല്‍ നവീകരണത്തിനുശേഷം എല്ലാ സഭകളിലേതും പോലെ പിതാവിന്റെയും പുത്രന്റെയും നാമത്തില്‍ ആമേന്‍ എന്നാക്കി. സാധാരണ ദിവസങ്ങളിലെ കുര്‍ബാനയ്ക്ക് ആരംഭത്തിലെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ആവശ്യമില്ല. ഞായറാഴ്ചകളില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവേ – നീ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്ന സ്തുതിപ്പില്‍ അവസാനിപ്പിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു വ്യത്യാസം, നവീകരണത്തിനുശേഷം കല്‍ദായ കുര്‍ബാനയില്‍ സ്ഥാപന വചനങ്ങളും, റൂഹാക്ഷണ പ്രാര്‍ത്ഥനയും വളരെ അടുത്തുവെച്ചു ഒരു യൂണിറ്റായി പ്രവര്‍ത്തിക്കുന്ന രീതി കൊണ്ടുവന്നു. ആദ്യം സ്ഥാപനവചനങ്ങള്‍ ഏകദേശം കുര്‍ബാനയുടെ മധ്യത്തിലായിരുന്നു. ഇപ്പോള്‍ ഗേഹാന്തപ്രാര്‍ത്ഥനകളുടെ ഒടുവില്‍ സ്ഥാപന വചനങ്ങള്‍. തുടര്‍ന്നു റൂഹാക്ഷണം. കര്‍ത്താവിന്റെ മരണവും, ഉയിര്‍പ്പും വി. കുര്‍ബാനയിലൂടെ സാക്ഷാത്കരിക്കുന്ന അവസ്ഥകൊണ്ടു വന്നു. പല ആരാധനക്രമത്തിലും ഈ ക്രമമാണ് കാണുന്നത്. നവീകരണത്തിനുശേഷം കല്‍ദായരുടെ സാധാരണ ദിവസത്തിലെ വി. കുര്‍ബാന സമയം 30 മിനിട്ടാക്കി. കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ സംഗ്രഹിച്ചു. കാറോസൂസ സാധാരണ ദിവസങ്ങളില്‍ വേണ്ടെന്ന് വച്ചു. കല്‍ദായസഭയിലെ ആരാധന പരിഷ്‌കാരങ്ങള്‍ ചിന്തനീയമാണ്.
സീറോ-മലബാര്‍ സഭയും ആരാധന നവീകരണവും
സീറോ-മലബാര്‍ സഭയില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് മുമ്പുതന്നെ ആരാധനാ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു എന്നത് ഒരു സദ്‌വാര്‍ത്തയാണ്. 1962-ല്‍ വത്തിക്കാന്‍ കൗണ്‍സില്‍ അവസാനിക്കുന്നതിന് മുമ്പുതന്നെ ഒരു സുറിയാനി-മലയാളം കുര്‍ബാന നടപ്പില്‍ വന്നു. സ്വന്തം ഭാഷയിലുള്ള കുര്‍ബാന ദൈവജനം വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. എന്നാല്‍ നവീകരണത്തിന്റെ ശീലുകളൊന്നും അതില്‍ പ്രതിഫലിച്ചിരുന്നില്ല. പിന്നീട് 1968-ല്‍ അന്നത്തെ സീറോ-മലബാര്‍ സഭയിലെ എല്ലാ മെത്രാന്മാരുടെയും അംഗീകാരത്തോടെ, കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ നവീകരിച്ച തക്‌സ നടപ്പില്‍ വന്നു. പുതിയ തക്‌സ പരിഷ്‌കരിച്ച കുര്‍ബാനയായിരുന്നു. മുഴുവന്‍ പ്രാര്‍ത്ഥനയും മലയാളത്തില്‍. അദ്ദായി-മാറി അനാഫറ അതിന്റെ ആദ്യരൂപത്തില്‍ (original) തക്‌സയില്‍ കൊണ്ടുവന്ന് ഭാഷ ശുദ്ധിയാക്കി. പ്രാര്‍ത്ഥനകളെല്ലാം സംഗ്രഹിച്ച് എഴുതി. അധികം താമസിയാതെ ലാറ്റിന്‍ സഭയുടെ പോലെ വി. കുര്‍ബാന മുഴുവന്‍ ജനങ്ങളുടെ പക്കലേക്ക് തിരിഞ്ഞ് അര്‍പ്പിക്കാന്‍ തുടങ്ങി.
തുടര്‍ന്ന് സഭയില്‍ ആരാധന ക്രമത്തിന്റെ വസന്തകാലമായിരുന്നു. കൂദാശകളെല്ലാം മലയാളത്തിലായി. അതുപോലെ തന്നെ വലിയ ആഴ്ചയിലെ കര്‍മ്മങ്ങളും, മരിച്ചവര്‍ക്ക് വേണ്ടിയുള്ള തിരുകര്‍മ്മങ്ങളും. സുന്ദരമായ ആരാധനാഗാനങ്ങള്‍. ഫാ. ആബേല്‍ സി.എം.ഐ., ആന്റണിമാസ്റ്റര്‍, കെ.ജെ യേശുദാസ് ഇവരുടെ സംഭാവനകള്‍ എടുത്തുപറയേണ്ടതുണ്ട്. പ്രത്യേകമായി സുറിയാനിയില്‍ നിന്നും വളരെ മനോഹരമായി വിവര്‍ത്തനം ചെയ്തു മലയാളം ആരാധനാഗാനങ്ങള്‍. ഫാ. ആബേല്‍ ആണ് അതിന് നേതൃത്വം നല്കിയത്.
1980-ആകുമ്പോള്‍ നവീകരണത്തിന്റെ പാതകളെല്ലാം സീറോ-മലബാര്‍ സഭയില്‍ അടഞ്ഞുതുടങ്ങി. ലിറ്റര്‍ജി അന്തരീക്ഷം മേഘാവൃതമായി. അവിടെ കാറും കോളും നിറഞ്ഞു. നവീകരണത്തിന്റെ പാതവേണമോ, അഥവാ പുനരുദ്ധാരണം സൃഷ്ടിക്കണമോ. ചില രൂപതകള്‍ ജനാഭിമുഖകുര്‍ബാന വേണ്ടെന്നുവെച്ച്, അള്‍ത്താരാഭിമുഖ കുര്‍ബാന ആരംഭിച്ചു. സീറോ-മലബാര്‍ മെത്രാന്‍ കോണ്‍ ഫറന്‍സിലും, വൈദികരുടെ ഇടയിലും വ്യത്യസ്ത ആശയങ്ങള്‍ ഉടലെടുത്തു.
1963-ന് ശേഷം സീറോ-മലബാര്‍ സഭയ്ക്ക് ഉത്തരേന്ത്യയില്‍ ധാരാളം മിഷന്‍ രൂപതകള്‍ ലഭിച്ചു. ചാന്ദ, സാഗര്‍, ഉജ്ജയിന്‍, സാറ്റ്‌ന, ബിജ്‌നോര്‍, ജഗദല്‍പൂര്‍ തുടങ്ങിയവ. അവിടെയുള്ള ജനങ്ങള്‍ക്ക് മനസ്സിലാക്കുവാനും, മിഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തുവാനും വേണ്ടി 1969-ല്‍ ഒരു ഭാരതീയ പൂജയ്ക്ക് ജന്മം നല്കി. കര്‍ദിനാള്‍ പാറേക്കാട്ടിലിന്റെ നേതൃത്വത്തിലാണ് അത് രൂപംകൊണ്ടത്. സി.എം.ഐ. സഭയിലെ, ധര്‍മ്മാരാം കോളേജിലെ അച്ചന്‍മാരാണ് അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയത്. എല്ലാവരും വളരെ പ്രശംസിച്ച ആരാധന രൂപമായിരുന്നു അത്. പുതുതായി രൂപപ്പെട്ട മിഷന്‍ രൂപതകളെ ഉദ്ദേശിച്ചാണ് അത് നടപ്പില്‍ കൊണ്ടുവന്നത്. പരീക്ഷണാര്‍ത്ഥമാണ് വത്തിക്കാന്‍ അനുവാദം നല്കിയത്. അങ്ങനെ സീറോ-മലബാര്‍ സഭയും ലിറ്റര്‍ജിയും വത്തിക്കാന്‍ കൗണ്‍സില്‍ തുറന്നുതന്ന നവീകരണത്തിന്റെ പാതയിലൂടെ ബഹുദൂരം നടന്നു നീങ്ങി.
എന്നാല്‍ 1980-ആകുമ്പോള്‍ നവീകരണത്തിന്റെ പാതകളെല്ലാം സീറോ-മലബാര്‍ സഭയില്‍ അടഞ്ഞുതുടങ്ങി. ലിറ്റര്‍ജി അന്തരീക്ഷം മേഘാവൃതമായി. അവിടെ കാറും കോളും നിറഞ്ഞു. നവീകരണത്തിന്റെ പാതവേണമോ, അഥവാ പുനരുദ്ധാരണം സൃഷ്ടിക്കണമോ. ചില രൂപതകള്‍ ജനാഭിമുഖകുര്‍ബാന വേണ്ടെന്നുവെച്ച്, അള്‍ത്താരാഭിമുഖ കുര്‍ബാന ആരംഭിച്ചു. സീറോ-മലബാര്‍ മെത്രാന്‍ കോണ്‍ഫറന്‍സിലും, വൈദികരുടെ ഇടയിലും വ്യത്യസ്ത ആശയങ്ങള്‍ ഉടലെടുത്തു. 1986-ല്‍ നവീകരിച്ച കുര്‍ബാന എന്ന പേരില്‍ റാസ കുര്‍ബാന നടപ്പില്‍ വന്നു. അതിന് വലിയ സ്വീകരണം ലഭിച്ചില്ല. റോമിലേയ്ക്ക് ഇവിടെനിന്ന് ഒരുപാട് പരാതികള്‍ പോയതിന്റെ വെളിച്ചത്തില്‍ White Commision ഇവിടെ വന്നു. സ്ഥിതിഗതികള്‍ പഠിച്ച് വീണ്ടും റോമില്‍നിന്ന് പുതിയ നിര്‍ദ്ദേശങ്ങള്‍ എത്തി. അതിന്റെ വെളിച്ചത്തില്‍ സാധാരണ കുര്‍ബാന-പാട്ടുകുര്‍ബാന തക്‌സ നിലവില്‍ വന്നു. അതാണ് നാം ഇന്ന് ഉപയോഗിക്കുന്നത്.
ഇനിയുള്ള ആരാധനാ നവീകരണത്തില്‍ ശ്രദ്ധിക്കേണ്ട ഏതാനും ആശയങ്ങള്‍ ഇവിടെ കുറിക്കുകയാണ്.
1) സാധാരണ ദിവസത്തെ കുര്‍ബാന സമയം അരമണിക്കൂര്‍ ആയി കുറയ്ക്കുക. ആദ്യത്തെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ, സങ്കീര്‍ ത്തനം, കാറോസൂസ എന്നിവ ആവശ്യമില്ല. കുര്‍ബാന തക്‌സ സംഗ്രഹിച്ച് എഴുതുക.
2) സ്ഥാപന വചനങ്ങള്‍ + റൂഹാക്ഷണപ്രാര്‍ത്ഥന-സംയുക്തമായി ഉള്‍ക്കൊണ്ട് കര്‍ത്താവിന്റെ മരണം ഉത്ഥാനം സാക്ഷാത്കരിക്കുക. അത് അഭികാമ്യമാണ്.
3) അദ്ദായി, മാറി അനാഫറ ആദിമരൂപത്തില്‍ (original) സ്വീ കരിക്കുക. കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമില്ല.
4) പുതിയ അനാഫറകള്‍ വി. തോമശ്ലീഹായുടെ അനാഫറ, ഭാരതിയ പശ്ചാത്തലമുള്ള അനാഫറ സൃഷ്ടിക്കുക.
5) പാട്ടുകുര്‍ബാന ഇപ്പോള്‍ ഒരു ഓര്‍ക്കസ്ട്ര പോലെയാണ്. ആ സ്ഥിതി മാറ്റി, ആരാധന ഗാനങ്ങള്‍ ജനങ്ങള്‍ക്ക് പാടാവുന്ന വിധത്തില്‍ ലളിതമായ രീതിയില്‍ കൊണ്ടുവരിക. പാട്ടുകള്‍ മദുബഹായില്‍ കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കുക. വാദ്യ ഉപകരണങ്ങള്‍ ഏറ്റവും കുറവായി ഉപയോഗിക്കുക.
6) ജനാഭിമുഖ കുര്‍ബാനയാണ് അഭികാമ്യം. ജനങ്ങള്‍ക്കു കുര്‍ ബാനയിലെ പങ്കെടുക്കലിന് അത് സഹായകമാകും. അത് സാധ്യമല്ലാത്ത രൂപതകള്‍ അള്‍ത്താരാഭിമുഖ കുര്‍ബാന സ്വീകരിക്കുക.
7) വി. കുര്‍ബാനയുടെ തിരുവസ്ത്രങ്ങള്‍ കുറേകൂടി ലളിതമാക്കുക. കൈകള്‍ തടസ്സം കൂടാതെ ഉപയോഗിക്കത്തക്ക വിധത്തിലാക്കുക.
8) ആരാധനാവസരം കല്‍ദായ സഭയുടെ അനുകരണമാകേ ണ്ട ആവശ്യമില്ല. സീറോ-മലബാര്‍ സഭയ്ക്ക് കല്‍ദായ സഭയുടെ യും, ലത്തീന്‍ സഭയുടെയും പശ്ചാത്തലമുണ്ട്. അതിന്റെ വെളിച്ചത്തില്‍ പുതിയ അനുരൂപണങ്ങളോടെ ആരാധനാവസരം സംവിധാനം ചെയ്യുക.
9) സഭയുടെ നാമം സീറോ-മലബാര്‍ എന്നതിനുപകരം വി ശുദ്ധ തോമസിന്റെ ഇന്‍ഡ്യയിലെ അപ്പസ്‌തോലിക സഭ (Apostolic Church of St. Thomas in India).
Comments